Tuesday, July 12, 2016

ദേവി, Taken from Diaries of Yama Narayan, Mizhi

ദേവി

ഇന്നെന്തോ , നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല! അല്ലെങ്കിലും ഈ നടപ്പ് തുടങ്ങിയിട്ട് എത്ര നാളായി. കുറച്ച് ദിവസങ്ങള്‍ നടക്കാതായപ്പോള്‍ ദൂരം കൂടിയ പോലെ.ദൂരെ ആ മണിയടി കേള്‍ക്കാം. ഹോ! എത്തിപ്പോയി.നല്ലവണ്ണം കിതയ്ക്കുന്നുണ്ട്.ചെരുപ്പ് അഴിച്ച് ഒതുക്കി വച്ചു.നട തുറന്നിരിക്കുന്നു.ദൂരെ നിന്നും ശ്രീകോവിലില്‍ കത്തിച്ചുവച്ച വിളക്കിന്റെ വെളിച്ചത്തില്‍ ദേവിയെ കാണാന്‍ എന്തൊരു അഴകാണ്, പക്ഷേ ആ അരണ്ട വെളിച്ചത്തിലും എന്‍റെ ദേവിയാണ് കൂടുതല്‍ സുന്ദരി.ആ നീണ്ട മുടിയിഴകളില്‍ ചൂടിയിരിക്കുന്ന തുളസിക്കതിരും,കൈകൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവളുടെ ചുവന്ന മുഖവും ,എത്രനാളായി ഞാന്‍ ആസ്വദിക്കുന്നു! എന്‍റെ ദേവി,അവള്‍ എന്നത്തേയും പോലെ, ഇന്നും എനിക്ക് മുന്‍പേ എത്തിയിരിക്കുന്നു,കുറെ പരാതികള്‍ കേള്‍ക്കാനുണ്ട്, എന്തൊക്കെയോ പറയാനുമുണ്ട്.എനിക്ക് വേണ്ടിയാകും മനമുരുകി പ്രാര്‍ത്ഥിക്കുന്നത്‌.എന്നും ഞാന്‍ എത്തുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കാറുണ്ട്, കുറെ നാള്‍ തിരിഞ്ഞു നോക്കി കാണാഞ്ഞപ്പോള്‍ നിര്‍ത്തിയതാകും.എന്നത്തേയും പോലെ അവളുടെ എതിര്‍ഭാഗത്ത് ചെന്നുനിന്നു.എന്നും ചെയ്യുന്നപോലെ,അവളുടെ മുന്നില്‍ കൈ കൂപ്പി നിന്നു.അവള്‍ ഒളികണ്ണിട്ടു പോലും നോക്കിയില്ല.പിണക്കമാണോ!ഒക്കെ ഞാന്‍ മാറ്റിത്തരാം എന്‍റെ പൊന്നേ.പ്രസാദം വച്ചു നീട്ടിയപ്പോള്‍ അവള്‍ കണ്ണു തുറന്നു,ഒരു ചിരി എന്നില്‍ പടര്‍ന്നു പക്ഷേ അത് ഒരു നിമിഷത്തേക്ക്‌ മാത്രമായിരുന്നു.അവള്‍ തിരിഞ്ഞ് നിന്ന് സമീപത്തുള്ള പുരുഷന്‍റെ നെറ്റിയില്‍ കുറി തൊട്ടു. ആ കുറിയില്‍ എന്‍റെ ചിരി മാഞ്ഞുപോയി.അവളുടെ നെറ്റിയില്‍ അപ്പോള്‍ ഞാന്‍ കണ്ട സിന്ദൂരത്തിന് അവളെ ഒന്നുകൂടി അഴകുള്ളവളാക്കാന്‍ കഴിഞ്ഞു.ഒന്നും മിണ്ടാന്‍ കഴിയാതെ, പ്രസാദത്തിനു പോലും കത്ത് നില്‍ക്കാതെ ,ഞാന്‍ പിന്തിരിഞ്ഞു നടന്നു.അപ്പോഴും ആ മണിനാദം കേട്ടു.പൂജകള്‍ കഴിഞ്ഞ് ദേവിയും യാത്രയായി.
യാമ

ദേവി, Taken from Diaries of Yama Narayan, Mizhi
To be published soon

No comments:

Post a Comment