Wednesday, July 13, 2016

ഭാര്യ, Diaries of Yama Narayan-2, Mizhi

ഭാര്യ


അടിവയറ്റില്‍ നിന്നും ഇരച്ചുവന്ന വേദന അസഹ്യമായി തോന്നി തുടങ്ങിയപ്പോള്‍ , ചാടി എഴുന്നേറ്റിരുന്നു . മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാന്‍ , അവനുവേണ്ടി വെറുതെ തിരിഞ്ഞുനോക്കി.ഞെരിഞ്ഞമര്‍ന്ന മുല്ലപ്പൂവുകള്‍ ,എന്നെ നോക്കി പരിഹസിച്ചു .അവനെ തേടി നടക്കാന്‍ തോന്നിയില്ല. ബാത്രൂം തുറന്ന്, മുഖത്തേക്ക് കൈക്കുമ്പിളില്‍ വെള്ളമെടുത്തു, മുഖമാകെ പുകയുന്നു.കവര്‍ കളയാതെ എടുത്ത് വച്ച ബ്രഷും പേസ്റ്റും എനിക്ക് വേണ്ടി എന്നപോലെ കണ്ണിറുക്കി. അവശ്യം കഴിഞ്ഞ് ഒതുക്കി വച്ച് , കുളിക്കാനായ്‌ തുനിഞ്ഞു. ഷവര്‍ തുറന്നു , തലയിലേക്ക് വെള്ളം വീണപ്പോള്‍ എന്തൊക്കെയോ ആശ്വാസം തോന്നി. ഞാന്‍ പോലും അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ , ഒരു നീറ്റലോടെ താഴേക്കിറങ്ങി. പോകുന്നിടത്തൊക്കെ നീറുന്ന വേദന ഞാന്‍ അറിഞ്ഞു.ചെറിയൊരു പുച്ഛത്തോടെ, മുറിവിട്ട്‌ പുറത്തിറങ്ങി. അടച്ചിരിക്കുന്ന വാതില്‍ക്കലേക്ക് നിസ്സഹായതയോടെ നോക്കി.ഒന്നും കഴിക്കാന്‍ തോന്നിയില്ല. സമയം ഓടുകയാണെന്ന് തോന്നി. ഇനിയും വൈകിയാല്‍ ഓഫിസ് എത്താന്‍ വൈകും. അവനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.കിടക്കയിലെ അലക്ഷ്യമായ്‌ കിടക്കുന്ന സാരിയില്‍ നിസ്സഹായതയോടെ നോക്കി, ഞെരിമ്മര്‍ന്ന പൂക്കളെപ്പോലെ എന്റെ ജീവിതവും. ഒരു പുത്തന്‍ സാരി പുറത്തെടുത്തുവച്ചു, കണ്ണാടിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന എന്‍റെ മുഖം, രാത്രിയില്‍ അവന്‍ തൊട്ട സിന്ദൂരത്തിന്റെ പൊട്ടുകള്‍ അങ്ങിങ്ങായ്‌ മായാതെ കിടക്കുന്നു . അലക്ഷ്യമായ്‌ ഞാന്നുകിടക്കുന്ന താലിച്ചരട്,അറപ്പോടെ നോക്കി.നിലത്തു വീണുകിടന്ന മൊബൈല്‍ എടുത്ത്, അവന്‍റെ നമ്പര്‍ വെറുതെ നോക്കി. രാത്രിയുടെ മറ തേടി വരുന്നവന് എന്‍റെ പകലുകള്‍ക്ക്‌ കൂട്ടിരിക്കാന്‍ ആകില്ലല്ലോ !ആവശ്യമില്ലാത്ത വസ്തുക്കളെ വലിച്ചെറിയണം .ഡസ്റ്റ്ബിന്‍ തുറന്ന് മൊബൈല്‍ അതിലേക്കിട്ട് ,പുഞ്ചിരിച്ചു. സംതൃപ്തിയോടെ!!

ഭാര്യ, Diaries of Yama Narayan-2, Mizhi

No comments:

Post a Comment